വിധി
=====
ശരീരത്തിലേക്ക് തുളച്ചു കയറുന്ന തണുത്ത കാറ്റ്. എന്നിട്ടും വിയര്‍ത്ത് കുളിക്കാന്‍ തുടങ്ങി. കോട മഞ്ഞ് കാഴ്ച്ചയെ മറക്കുന്ന് പോലെ, കണ്ണില്‍ ഇരുട്ട് കയറി. ബേംഗ്ലൂര്‍ എയര്‍ ഫോഴ്സ് കമാന്‍ണ്ട് ഹോസ്പ്പിറ്റലിനടുത്തുള്ള റോഡരികിലേ കരിങ്കല്‍ ബഞ്ചില്‍ സുഭദ്ര ഇരുന്നു. തളര്‍ന്നു വീഴാഞ്ഞത് ഭാഗ്യം.
കഴിഞ്ഞ ആഴ്ച്ച ചെക്കപ്പിന് ചെന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞതാണ്, ബി.പി കൂടുതലുണ്ട്. മരുന്ന് മുടങ്ങാതെ കഴിക്കണം. ഉപ്പ് കുറക്കണം, നന്നായി നടക്കണം എന്നെല്ലാം. ഒന്നിനു പുറകെ ഒന്നായി എല്ലാ സൌഭാഗ്യങ്ങളും വിധി തകര്‍ത്തെറിഞ്ഞ താന്‍ ഇനി എന്തിന് മരുന്ന് കഴിക്കണം ?. അമ്പതു വയസ്സ് കഴിഞ്ഞു. ആരോരുമില്ലാത്ത താന്‍ ഇനി എന്തിന് ബി.പി യും ഷുഗറും ആലോചിച്ച് ടെന്‍ഷനെടുക്കണം ?.
തളര്‍ച്ച കുറവുണ്ട്. എങ്കിലും കാലുകള്‍ അനുസരണയില്ലാത്ത കുട്ടികളെ പോലെ ഇരിക്കുന്നു. ഭൂതകാലം ഒരു മിന്നായം പോലെ മന:സ്സിലേക്കുയര്‍ന്നു വന്നു. എത്ര സന്തോഷം നിറഞ്ഞ ബാല്ല്യ കൌമാരങ്ങളായിരുന്നു. അച്ചന്‍ ഒരു പാവപ്പെട്ട പ്രൈമറി സ്ക്കൂള്‍ അദ്ധ്യാപകനായിരുന്നു എങ്കിലും ഒന്നിനും ഒരു കുറവുമില്ലാതെയാണ് വളര്‍ന്നത്. പതിനാറാമത്തെ വയസ്സില്‍ വിവാഹം. എട്ടും പൊട്ടും തിരിയാത്ത പ്രായം. മദ്രാസ് റെജിമെന്റിലെ ഒരു പട്ടാളക്കാരനായ ചന്ദ്രേട്ടനുമായായിരുന്നു വിവാഹം. ചന്ദ്രേട്ടന്‍ സുന്ദരനായിരുന്നു. ഒരു വര്‍ഷം മാത്രം നീണ്ട ദാമ്പത്യം. ഒരുമിച്ച് കഴിഞ്ഞതോ വെറും ഒരു മാസം. ചന്ദ്രേട്ടന്‍ ലീവ് കഴിഞ്ഞ് പോയതിന് ശേഷമാണറിഞ്ഞത് ഗര്‍ഭിണിയാണെന്ന്.
ദൂരെയാണെങ്കിലും എഴുത്തുകളിലൂടെ ഞങ്ങളുടെ സ്വപ്നങ്ങള്‍ പങ്കുവെച്ചു. ചന്ദ്രേട്ടനെ പോലെ തന്നെയുള്ള ഒരു മോന്‍ ജനിക്കണേ എന്നായിരുന്നു എന്റെ പ്രാര്‍തഥന. പക്ഷേ ചന്ദ്രേട്ടന് മറിച്ചായിരുന്നു. ഒരു സുന്ദരി മോള്‍ വേണം. പൊട്ടും, വളകളും, കുഞ്ഞുടുപ്പും വാങ്ങി കൊടുക്കാന്‍ ആഗ്രഹം.
ചന്ദ്രേട്ടന്റെ മരണ അറിയിപ്പ് ലഡാക്കില്‍ നിന്ന് കിട്ടുമ്പോള്‍ താന്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്നു. അതിന്റെ തൊട്ട ആഴ്ച്ചയില്‍ പ്രസവവും നടന്നു. തന്റെ ആഗ്രഹം പോലെ ചന്ദ്രേട്ടനെ പോലെ സുന്ദരനായ ഒരു പൊന്നു മോന്‍. അവന് ചന്ദ്രേട്ടന്റെ മുഖഛായയാരുന്നു.
ലഡാക്കിലെ ചെങ്കുത്തായ മല നിരകള്‍ക്കിടയിലൂടെ കടന്നു പോകുന്ന മിലിട്ടറി ട്രക്കിനു നേരെ ഭീകര ആക്രമണം ഉണ്ടായി. ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു. ആരും രക്ഷപ്പെട്ടില്ല. ഇരുപതോളം സൈനീകരുണ്ടായിരുന്നു ട്രക്കില്‍.. അതില്‍ തന്റെ ചന്ദ്രേട്ടനും ഉണ്ടായിരുന്നു. ജീവിച്ച് കൊതി തീരും മുമ്പേ അകാല മ്യ്തത്യു. ഭര്‍ത്താവിനെ അറിഞ്ഞു വരുന്നേ ഉണ്ടായിരുന്നുള്ളൂ. പതിനേഴാമത്തെ വയസ്സില്‍ വൈധവ്യം ഏറ്റുവാങ്ങി. വിധി വൈപരീത്യം എന്നല്ലാതെ എന്തു പറയാന്‍. തകര്‍ന്ന ഹ്യദയവുമായി ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍ ആകെ അന്ധകാരമായിരുന്നു. കരയാന്‍ കണ്ണു നീരില്ലാതെ ജീവിതത്തെ പകച്ചു നോക്കി നില്‍ക്കുകയായിരുന്നു.
എല്ലാവരും പറഞ്ഞു, സുഭദ്രയുടെ ഭാഗ്യം. ഒരാണ്‍ കുഞ്ഞല്ലേ. ദൌര്‍ഭാഗ്യത്തിലെ ഭാഗ്യം. തന്റെ ഹ്യദയ നൊമ്പരം ആരുമറിഞ്ഞില്ല. ഇനിയുള്ള കാലം ചന്ദ്രേട്ടന്റെ ഓര്‍മ്മകളുമായി ചന്ദ്രേട്ടന്റെ വീട്ടില്‍ കഴിയാം. തന്റെ മോനെ പഠിപ്പിച്ച് വലിയവനാക്കണം. എന്തെല്ലാം മോഹങ്ങളായിരുന്നു. പക്ഷേ മോഹങ്ങളെയെല്ലാം തകര്‍ത്തെറിഞ്ഞ് വിധി അവിടെയും തന്റെ എതിര്‍ പക്ഷത്തായിരുന്നു.
ചന്ദ്രേട്ടന്റെ വീട്ടുകാര്‍ ഞങ്ങളെ സ്വീകരിക്കുവാന്‍ തയ്യാറായില്ല. അച്ചന്റെ കാലനായി പിറന്നവനാണ് തന്റെ മകന്‍ എന്ന് അവര്‍ പറഞ്ഞു. സ്വത്ത് തരേണ്ടി വന്നാലോ എന്നു കരുതിയാവാം. ആ വാതില്‍ അന്നടഞ്ഞു. പിന്നെ ദുഃഖങ്ങളുടെ പെരുമഴക്കാലമായിരുന്നു.
അച്ചന്‍ പെന്‍ഷനായി. നാല് അനുജന്മാരും, ഒരനുജത്തിയും ഒരു ചെറിയ വീട്ടില്‍ ശ്വാസം മുട്ടി കഴിഞ്ഞു. എല്ലാ ദുഃഖങ്ങള്‍ക്കിടയിലും സ്നേഹനിധികളായ അച്ചനും അമ്മയും ഒരു തണലായി നിന്നു. അവരില്ലായിരുന്നെങ്കില്‍ താനും കുഞ്ഞും എന്നേ ആത്ംഹത്യ ചെയ്തേനെ. അച്ചന്‍ പെന്‍ഷനായതോടു കൂടി വീട്ടിലെ ചെലവുകള്‍ കഴിഞ്ഞു കൂടാന്‍ തന്നെ വിഷമമായി.
ഒരു പുനര്‍ വിവാഹത്തിനായി പലരും പ്രേരിപ്പിച്ചു. എത്ര കാലം ഇങ്ങനെ ഒറ്റക്ക് ജീവിക്കും. അച്ചന്റെയും അമ്മയുടേയും കാലശേഷം ഈ ചെറിയ കുഞ്ഞുമായി എങ്ങനെ ജീവിക്കും ?. പലരും ഗുണദോഷിച്ചു. സുന്ദരിയായ സുഭദ്രക്ക് ഒരു വരനെ കിട്ടാന്‍ പ്രയാസമുണ്ടായിരുന്നില്ല. പലരും ആലോചനകളുമായി വന്നു. പക്ഷേ ആരും തന്റെ മകനെ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. തന്റെ മകനെ ഉപേക്ഷിച്ചുള്ള ഒരു ജീവിതം തനിക്കു വേണ്ട എന്ന ഉറച്ച തീരുമാനമെടുത്തു. ഇനി ഈ ജീവിതം തന്റെ മകനു വേണ്ടി മാത്രം.
എങ്ങനെയെങ്കിലും ഒരു ജോലി നേടണം. പല വാതിലുകളും മുട്ടി. പത്താം ക്ലാസ് തോറ്റ തനിക്കാര് ജോലി തരാനാണ് ?. പത്താം ക്ലാസ് പരീക്ഷ പാസാവാനുള്ള പഠിപ്പ് തുടങ്ങി. കൂടെ ടൈപ്പ് റൈറ്റിങ്ങ് പഠിക്കാനും ചേര്‍ന്നു. തൊട്ട വര്‍ഷം പത്താം ക്ലാസ് പരീക്ഷ പാസായി, കൂടെ ടൈപ്പ് റൈറ്റിങ്ങും. ജോലിക്കു വേണ്ടി പല അപേക്ഷകളും അയച്ചു. ഒന്നിനും ഫലം കണ്ടില്ല.
ആ ഇടക്കാണ് പട്ടാളത്തില്‍ നിന്ന് വിരമിച്ച അച്ചന്റെ സുഹ്യത്ത് ക്യഷ്ണ മേനോനെ അച്ചന്‍ കണ്ടു മുട്ടുന്നത്. അദ്ധേഹമാണ് പറഞ്ഞത്, സര്‍വ്വീസിലിരുന്ന് മരിച്ച പട്ടാളക്കാരന്റെ ഭാര്യക്ക് ജോലി കിട്ടാന്‍ സാധ്യതയുണ്ടെന്ന്. അപേക്ഷകള്‍ പലതും കൊടുത്തു. അതിനു വേണ്ടി അച്ചന്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല. എല്ലാ ആശകളും നശിച്ചു. രാഷ്ട്രപതിക്ക് ഒരു നിവേദനം കൊടുത്താല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ നടക്കുമെന്ന് ക്യഷ്ണ മേനോന്‍ പറഞ്ഞു. താമസിയാതെ ഡല്‍ഹിയില്‍ പോയി അച്ചന്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കി. പിന്നെ കാത്തിരുപ്പായിരുന്നു.
ഏകദേശം ഒരു വര്‍ഷം കഴിഞ്ഞു കാണും, ബേംഗ്ലൂരിലുള്ള മിലിട്ടറി പെന്‍ഷന്‍ ഡിപ്പാര്‍ട്ടുമെന്‍റില്‍ ക്ലാര്‍ക്കിനുള്ള ഇന്‍റര്‍വ്യൂവിന് ചെല്ലാന്‍ വേണ്ടി കത്തു കിട്ടി. രണ്ടു വയസ്സ് പ്രായമുള്ള മോനും, അച്ചനും കൂടി ബേംഗ്ലൂരില്‍ എത്തി. അടുത്ത ആഴ്ച്ച തന്നെ ജോലിയില്‍ ചേരാനുള്ള ഉത്തരവ് കിട്ടി.
ദൈവം കരുണാമയനാണെന്ന് അന്ന് തനിക്ക് മന:സ്സിലായി. മുങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒരു കച്ചിത്തുരുമ്പ് തന്ന് തന്നെ കരക്കടുപ്പിക്കാന്‍ ദൈവം ശ്രമിക്കുന്നു. അള്‍സൂരില്‍ ഒറ്റ മുറിയുള്ള ഒരു വീട് വാടകക്കെടുത്തു. താന്‍ ജോലിക്ക് പോകുമ്പോള്‍ അച്ചന്‍ മോനെ നോക്കും.
അച്ചന്‍ നാട്ടില്‍ നിന്ന് പോന്നപ്പോള്‍ വീട്ടിലെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. എല്ലാം ഒന്നു നേരേയാക്കാന്‍ കുറച്ച് ദിവസത്തേക്ക് അച്ചന്‍ നാട്ടിലേക്ക് പോയി. മോനെ തല്‍ക്കാലം അടുത്തുള്ള ഒരു നഴ്സറിയില്‍ ചേര്‍ത്തു. രാവിലെ ജോലിക്ക് പോകുമ്പോള്‍ നഴ്സറിയില്‍ കൊണ്ട് ചെന്നാക്കും, ജോലി കഴിഞ്ഞ് വരുമ്പോള്‍ തിരികെ കൊണ്ടു വരും. സുന്ദരിയായ ഒരു സ്‌ത്രീ ഒറ്റക്ക് താമസിക്കുമ്പോള്‍ ഉണ്ടാകാവുന്ന എല്ലാ ബുദ്ധിമുട്ടുകളും അനുഭവിക്കാന്‍ തുടങ്ങി. രാത്രി കാലങ്ങളില്‍ പലരും വാതില്‍ മുട്ടാന്‍ തുടങ്ങി. തലയിണക്കടിയില്‍ വെച്ച വെട്ടു കത്തി മാത്രമായിരുന്നു കൂട്ട്. ശല്ല്യം സഹിക്കാന്‍ വയ്യാതായപ്പോള്‍ അച്ചനോട് വേഗം ബേംഗ്ലൂര്‍ക്ക് വരാന്‍ വേണ്ടി എഴുതി. നാട്ടില്‍ അമ്മയും അനിയന്മാരും ചേര്‍ന്ന് കാര്യങ്ങള്‍ നടത്തി. അച്ചന്റെ പെന്‍ഷനും തന്റെ ശമ്പളത്തിന്റെ ഒരു ഭാഗവും കൊണ്ട് നാട്ടിലെ കാര്യങ്ങള്‍ സുഖമമായി മുന്നേറി.
മോനെ മിലിട്ടറി സ്ക്കൂളില്‍ ചേര്‍ത്തു. പഠിക്കാന്‍ മിഠുക്കനായിരുന്നു. പക്ഷേ ഒരു ഉള്‍ വലിഞ്ഞ സ്വഭാവമായിരുന്നു.ആരുമായും അടുക്കില്ല. എപ്പോഴും ഏകനായി ഇരിക്കാനാണ് അവനിഷ്ടം. മോന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് മിലിട്ടറി സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കിട്ടിയത്. ഇത് വലിയ അനുഗ്രഹമായി. ആര്‍ക്കും ശല്ല്യം ചെയ്യാന്‍ കടന്നു വരാന്‍ പറ്റാത്ത സുരക്ഷിതമായ സ്ഥലം. മിലിട്ടറി ക്വാര്‍ട്ടേഴ്സിലേക്ക് മാറിയ ശേഷം അച്ചന്‍ ഇടക്ക് നാട്ടില്‍ പോയി നില്‍ക്കാന്‍ തുടങ്ങി. മോനും വളര്‍ന്നില്ലേ. പൊന്നു പോലെയാണ് അവനെ വളര്‍ത്തുന്നത്. അവന്റെ ഒരാഗ്രഹങ്ങള്‍ക്കും താന്‍ എതിരു നില്‍ക്കാറില്ല. എങ്കിലും പലപ്പോഴും തന്നോടു പോലും അവന്‍ അകല്‍ച്ച കാണിക്കുന്നതായി സുഭദ്രക്ക് തോന്നി തുടങ്ങി. പ്ലസ്ടു കഴിഞ്ഞ ശേഷം എഞ്ചിനീയറിങ്ങിന് ചേര്‍ത്തു. ആയിടെയാണ് തന്നെ തകര്‍ത്തു കൊണ്ട് അച്ചന്റെ മരണ വാര്‍ത്ത നാട്ടില്‍ നിന്നെത്തിയത്. തന്റെ ജീവിതത്തിന്റെ നെടുംതൂണാണ് തകര്‍ന്നു വീണത്. നികത്താനാവത്ത ശൂന്യത . ആ അദ്ധ്യായവും അവിടെ അവസാനിച്ചു.
തനിക്ക് മോനും, മോന് താനും മാത്രമായി. എഞ്ചിനീയറിങ്ങിന് ചേര്‍ന്ന ശേഷം മകനില്‍ ചെറിയ വ്യത്യാസങ്ങള്‍ കണ്ടു തുടങ്ങി. തന്നോട് അടുക്കാനും സംസാരിക്കാനും തുടങ്ങി. എഞ്ചിനീയറിങ്ങ് കഴിഞ്ഞ ഉടനെ തന്നെ അവന് ജോലി കിട്ടി. വലിയ ഒരു ജപ്പാന്‍ കമ്പനിയിലായിരുന്നു. ട്രെയിനിങ്ങിനായി ഒരു വര്‍ഷം ജപ്പാനിലായിരുന്നു. താന്‍ വീണ്ടും തനിച്ചായി. എങ്കിലും ഒരു ധൈര്യം ഉണ്ടായിരുന്നു. തന്റെ മോനെ വളര്‍ത്തി പഠിപ്പിച്ച് ഒരു നല്ല നിലയിലെത്തികാന്‍ കഴിഞ്ഞ ഒരു ചാരിതാര്‍ത്ഥ്യം. ട്രെയിനിങ്ങ് കഴിഞ്ഞ് ആദ്യ നിയമനം ബേംഗ്ലൂരില്‍ തന്നെയായിരുന്നു. അവന് ഇരുപത്തഞ്ച് വയസ്സായി. തന്റെ നിര്‍ബന്ധ പ്രകാരം തന്റെ കൂട്ടുകാരിയുടെ മകളെ തന്നെ കല്ല്യാണം കഴിപ്പിച്ചു.
സന്തോഷത്തിന്റെ നാളുകളായിരുന്നു അത്. ആ സന്തോഷം അധിക നാള്‍ നീണ്ടു നിന്നില്ല. മരുമകളുമായി അസ്വാരസ്യങ്ങള്‍. ചെറിയ കാര്യങ്ങള്‍ക്കു പോലും വഴക്കായി. ഭാര്യ പറഞ്ഞതിന്റെ ഒരടി മുന്നോട്ട് നീങ്ങാത്ത മകന്‍. ആകെ കലുഷിതമായ് അന്തരീക്ഷം. മകനും മരുമകളും വീട്ടില്‍ നിന്ന് ഇറങ്ങി പോയി. വേറെ ഒരു ഫ്ലാറ്റ് വാങ്ങി അവിടെ താമസ്സമാക്കി. പൊന്നു പോലെ വളര്‍ത്തിയ മകന്‍ ഒരിക്കല്‍ പോലും വിളിച്ചില്ല. പല പ്രാവശ്യം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷേ അവന്‍ അകന്നകന്ന് പോവുകയായിരുന്നു. വീണ്ടും സുഭദ്ര ഏകയായി.
തല ചുറ്റല്‍ കുറേശെ കുറഞ്ഞു. പതുക്കെ എഴുന്നേറ്റ് ക്വാര്‍ട്ടേഴ്സിലേക്ക് നടക്കാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ക്ക് മുന്നേ ചന്ദ്രേട്ടന്‍ മരിച്ചപ്പോള്‍ ഉയര്‍ന്നു വന്ന അതേ ചോദ്യം വീണ്ടും മന:സ്സ് ചോദിക്കുന്നു. ആര്‍ക്കു വേണ്ടിയാണ് ഇനി ജീവിക്കുന്നത് ?. കാറ്റ് വീണ്ടും കനക്കുകയാണ്. വഴികള്‍ വീണ്ടും മഞ്ഞ് മൂടാന്‍ തുടങ്ങിയിരിക്കുന്നു.
Shaji Moolepat, Copyright © All Rights Reserved
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ