2010, മാർച്ച് 26, വെള്ളിയാഴ്‌ച

പ്രവാസി ചരിതം

പ്രവാസി ചരിതം
---------------------------
വലിയ പുരക്കല്‍ ഗോവിന്ദന്‍ ബാലചന്ദ്രന്‍ എന്ന ബാലു , പാസ്പ്പോര്‍ട്ടിന്റെ പേജുകളിലൂടെ ഇഴഞ്ഞു നടന്നു. എത്ര സുന്ദരമായ ഫോട്ടോ. പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്തതാണ്‌. ബാലു കണ്ണാടിയിലേക്കൊന്നു നോക്കി. കാലം തന്റെ രൂപത്തില്‍ വരുത്തിയ മാറ്റം അവിശ്വസനീയം. മുന്‍ വശത്തെ മുടി കൊഴിഞ്ഞ് ചരിച്ചിട്ട ഒരു "റ" പോലെ തലയുടെ മുന്‍ വശം തരിശു ഭൂമി ആയിരിക്കുന്നു. പിന്‍ വശത്തെ മുടിയാണെങ്കില്‍ വെളുത്ത് അപ്പൂപ്പന്‍ താടി പോലെ പറന്ന് കളിക്കുന്നു. മുപ്പത്തഞ്ചാമത്തെ വയസ്സിലെ വാര്‍ദ്ധക്യം. ഗള്‍ഫ്‌ ജീവിതത്തിന്റെ സമ്പാദ്യം. ബാലു ഒരു നെടുനിശ്വാസത്തോടെ കസേരയിലേക്ക് ചാഞ്ഞിരുന്നു. ദുബായിലെ അല്‍-റഫ റോഡിലെ അബ്ദുള്‍ റഹ്‌മാന്‍ ബില്‍ഡിങ്ങിന്റെ മൂന്നാം നിലയില്‍ നിന്നുയര്‍ന്ന ദീര്‍ഗ്ഗ നിശ്വാസങ്ങള്‍ ആരോരുമറിയാതെ അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നു.

പുറത്ത് ജുണ്‍ മാസത്തിലെ ചൂടില്‍ ദുബായ് നഗരം ഉരുകുകയാണ്. റൂമില്‍ നിറഞ്ഞു നില്‍ക്കുന്ന ശീതീകരണിയുടെ കാറ്റ് എല്ലാ വെള്ളിയാഴ്ച്ചകളെയും പോലെ ഈ വെള്ളിയാഴ്ച്ചയെയും ആലസ്യ പൂര്‍ണ്ണമാക്കി. രാവിലെ നാട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ ഭാര്യ ഓര്‍മ്മിപ്പിച്ചിരുന്നു, കൊളസ്ട്രോളും ഷുഗറും ചെക്ക് ചെയ്യണം. പ്രഷര്‍ ഇടക്ക് നോക്കണം. വീടിന്റെ പണി സണ്‍ ഷേഡ് വരെ ആയി. ഇനി സണ്‍ ഷേഡിന്റെ വാര്‍പ്പ് തുടങ്ങണം. അതിന്‌ രൂപ പെട്ടന്നയക്കണം. ശമ്പളം കിട്ടാന്‍ ഇനിയും പതിനഞ്ചു ദിവസം കഴിയണം. പണികാരെ വിട്ടാല്‍ പിന്നെ അവരെ കിട്ടാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും. നാട്ടിലെ പണിക്കാരുടെ കാര്യമല്ലേ. പണത്തിന്‌ എന്തു ചെയ്യും എന്നാലോചിച്ച് ഒരു തുമ്പും കിട്ടുന്നില്ല.

പിറ്റേന്ന് രാവിലെ ഓഫീസിലേക്കുള്ള ഓട്ടത്തിനിടയിലാണ്‌ തല കറങ്ങുന്നത് പോലെ തോന്നിയത്. ഒരു വിധത്തില്‍ ഓഫീസില്‍ എത്തിച്ചേര്‍ന്നു. പ്രഷര്‍ കൂടിയാലും , കൊളസ്ട്രോള്‍ കൂടിയാലും തല കറക്കം ഉണ്ടാവാമെന്ന് സഹപ്രവര്‍ത്തകന്‍ ശ്രീധര്‍ പറഞ്ഞു. ശ്രീധര്‍ ഒരു എന്‍സൈക്ലോപീഡിയാണെന്ന് പലപ്പോളും എനിക്ക് തോന്നിയിട്ടുണ്ട്. ശ്രീധറിന്റെ ക്ലാസ്സ് കഴിഞ്ഞപ്പോളേക്കും തല ചുറ്റല്‍ കൂടുന്നതായി എനിക്ക് തോന്നി. ഇനി എന്തായാലും ഡോക്ടറെ കാണിക്കാതിരുന്നാല്‍ കുഴപ്പമാക്കുമെന്ന് എന്റെ ഉള്ളം പറഞ്ഞു. ബോസിന്റെ അനുവാദം വാങ്ങി ഡോക്ടറെ കാണാന്‍ പോകാന്‍ തീരുമാനിച്ചു. വിവരം പറഞ്ഞപ്പോള്‍ ബോസും ക്ലാസ്സ് തുടങ്ങി.
" ബാലു , വൈറ്റമിന്‍ കുറഞ്ഞാലും തളര്‍ച്ച ഉണ്ടാവാം പിന്നെ രക്തം കട്ട പിടിക്കുന്ന സമയത്തും തളര്‍ച്ച വരാം ".
ഇതു കേട്ടപ്പോള്‍ എന്റെ നെഞ്ചിലൂടെ ഒരു മിന്നല്‍ പിണര്‍പ്പ് മിന്നി മറഞ്ഞു. ഒരു നിമിഷം ഞാന്‍ എന്റെ ഭാര്യയെയും , രണ്ട് മക്കളെയും കുറിച്ചാലോചിച്ചു.

റഫ ക്ലിനിക്കിന്റെ പടി കയറുമ്പോള്‍ തല ചുറ്റല്‍ പമ്പ കടന്നിരുന്നു. എങ്കിലും ഡോക്ടര്‍ വാണിയെ കണ്ട് ചെക്കപ്പ് നടത്തി പോകാമെന്ന് ഉറച്ച് നടന്നു. കൌണ്ടറില്‍ പേരു കൊടുത്ത് ഒഴിഞ്ഞ കസേര നോക്കി നടന്നു. മനം മടുപ്പിക്കുന്ന മരുന്നിന്റെ ഗന്ധം അവിടെ നിറഞ്ഞ് നിന്നിരുന്നു. ഇന്‍ഷൂറന്‍സ് കാര്‍ഡ് ചോദിച്ച് വീണ്ടും കൌണ്ടറില്‍ നിന്ന് വിളിച്ചു. കാര്‍ഡ് കൊടുത്ത് വീണ്ടും കസേരയില്‍ ഇരുന്നു. ചുവരില്‍ പിടിപ്പിച്ചിരിക്കുന്ന ടി.വി യില്‍ അമീര്‍ ഖാന്‍ ഉറഞ്ഞ് ആടുന്നുണ്ടായിരുന്നു. നിരനിരയായി രോഗികള്‍ ഇരിക്കുന്നു. ദുബായ് മുഴുവന്‍ രോഗികളാണോ എന്ന് ഒന്നു സംശയിച്ചു. ഒരു ശരാശരി മലയാളിയുടെ മന:സ്സില്‍ ഉണ്ടായേക്കാവുന്ന ഒരു ചിന്ത ഉയര്‍ന്നു വന്നു. ഈ ക്ലിനിക്കിന്റെ ഉടമ ഒരു ദിവസം എത്ര ദിര്‍ഹം ഉണ്ടാക്കുന്നുണ്ടായിരിക്കും ?. തൊണ്ണൂറുകളില്‍ ഉണ്ടായിരുന്ന രണ്ട് മുറി ക്ലിനിക്ക് ഇപ്പോള്‍ മൂന്ന് നിലകളില്‍ പരന്ന് കിടക്കുന്നു. ദുബായ് വളര്‍ന്നതിനൊപ്പം രോഗികളുടെ എണ്ണവും വളര്‍ന്നു. ഡോക്ടര്‍മാര്‍ക്ക് ചാകര. ഈ കണക്കു കൂട്ടലിനിടയിലാണ്‌ ഒരു വെള്ളരി പ്രാവ് എന്റെ പേര്‌ വിളിച്ചത്.

" മിസ്റ്റ്‌ര്‍ ബാലചന്ദ്രന്‍ , നിങ്ങളുടെ വെയ്റ്റും പ്രഷറും നോക്കണം "

ഞാന്‍ ആ മലയാളി നേഴ്സിന്റെ പിന്നാലെ നടന്നു. പുഞ്ചിരിക്കുന്ന മുഖവുമായി അവര്‍ എന്റെ വെയ്റ്റ് നോക്കി. പ്രഷര്‍ നോക്കുന്നതിനിടക്ക് ഞാന്‍ ആ സുന്ദരിയുടെ കണ്ണുകളിലേക്ക് നോക്കി. ഞാന്‍ ആലോചിക്കുകയായിരുന്നു, എങ്ങനെയാണ്‌ ഇവര്‍ക്ക് എപ്പോഴും ചിരിച്ച മുഖവുമായി എല്ലാവരോടും പെരുമാറാന്‍ കഴിയുന്നത് ?. ഒരു ദിവസം എത്ര രോഗികളുമായി ഇടപഴകുന്നു ? . പ്രഷര്‍ നോട്ടം കഴിഞ്ഞ് പുറത്ത് കടന്ന് വീണ്ടും കസേരയില്‍ ഇരിപ്പുറപ്പിച്ചു. പലരുടെയും രോഗ തീവ്രത കണ്ടപ്പോള്‍ എനിക്ക് ഒരു കുഴപ്പവും ഇല്ല എന്ന് തോന്നി.

അവസാനം എന്റെ ഊഴം വന്നെത്തി.
" മിസ്റ്റര്‍ ബാലചന്ദ്രന്‍ , റൂം നമ്പര്‍ ഇരുപത്തെട്ടിലേക്ക് പോയിക്കോളൂ. " നഴ്സ് വിളിച്ച് പറഞ്ഞു.
ഞാന്‍ വാതിലില്‍ പതുക്കെ മുട്ടി വാതില്‍ തുറന്നു. ഡോക്ടര്‍ ഒരു പുഞ്ചിരിയോടെ എന്നെ സ്വീകരിച്ചു. ഡോക്ടര്‍ വാണി മെലിഞ്ഞ് വെളുത്ത ഒരു സുന്ദരി കുട്ടിയാണ്‌. പലപ്പോഴും ഡോക്ടറോട് സംസാരിക്കുമ്പോള്‍ അവര്‍ എന്റെ ചേച്ചിയോ അല്ലെങ്കില്‍ അനുജത്തിയോ ആവാറുള്ളത് ഞാന്‍ കൌതുകത്തോടെ ഓര്‍ത്തു.
" എന്താ ബാലചന്ദ്രന്‍, കുറേ നാളായല്ലോ കണ്ടിട്ട് ?"
" ചെറിയ ഒരു തലകറക്കം, അതാ ഡോക്ട്ടറെ കാണാന്‍ വന്നത് "
"പ്രഷര്‍ ബോര്‍ഡര്‍ ലൈനിലാണ്‌, ശ്രദ്ധിക്കണം , ഇപ്പോള്‍ മരുന്ന് കഴിക്കുകയൊന്നും വേണ്ട. "
" കുഴപ്പമൊന്നുമില്ല, ഭയപ്പെടേണ്ടതായിട്ടൊന്നുമില്ല. "
എന്റെ ശ്വാസം നേരെ വീണു. എന്തൊരാശ്വാസം.
പിന്നെ ഡോക്ടര്‍ പറഞ്ഞതു കേട്ട് ഞാന്‍ ഞെട്ടി.
" ബാലചന്ദ്രന്‍, മരിക്കാന്‍ പ്രഷറും, ഷുഗറും, കൊളസ്ട്രോളും ഒന്നും വേണ്ട. ഇതൊന്നുമില്ലാത്തവരും പെട്ടന്ന് മരിച്ച് പോകുന്നില്ലേ ?. ഭയപ്പെടാതെ സന്തോഷത്തോടെ പോകൂ. "

പുറത്തിറങ്ങുമ്പോള്‍ ഭയം വീണ്ടും കൂടുന്നുണ്ടായിന്നു. ഈ ഭയം എന്റെ മാത്രം കുഴപ്പമാണോ ?. ഗള്‍ഫിലെ ഒട്ടുമുക്കാല്‍ മലയാളികളുടെയും സന്തത സഹചാരിയല്ലേ ഈ ഭയം ?. ജീവിതത്തിന്റെ നല്ല മുക്കാല്‍ ഭാഗവും ഗള്‍ഫില്‍ ചൂട്ടത്ത് പണിയെടുത്ത് തരക്കേടില്ലാത്ത ചുറ്റുപാട്‌ ഉണ്ടാക്കിയാലും ഗള്‍ഫ് ഉപേക്ഷിക്കാന്‍ ഭയം. നാട്ടില്‍ ചെന്നാല്‍ ഇനി എന്തു ചെയ്യും എന്ന ഭയം . ആ ഭയം ഇന്ന് എന്റെ കഴുത്തിലും കയ്യിട്ട് നടക്കുന്നു. ചുട്ടുപൊള്ളുന്ന വെയിലത്ത് വ്യാകുല ചിത്തനായി ദുബായിലെ തിരക്കിലേക്ക് ഞാന്‍ നടന്നിറങ്ങി.
=========
എഴുതിയത്: ഷാജി മൂലേപ്പാട്ട്.
Shaji Moolepat, Copyright © All Rights Reserved

അഭിപ്രായങ്ങളൊന്നുമില്ല: