2010, മാർച്ച് 26, വെള്ളിയാഴ്‌ച

എന്റെ വെള്ളിയാഴ്‌ച്ചകള്‍

എന്റെ വെള്ളിയാഴ്‌ച്ചകള്‍.
===================
വിജയന്‍ ജനലിന്റെ വിരികള്‍ വലിച്ച്‌ നീക്കി പുറത്തേക്ക്‌ നോക്കി.
സമയം പതിനൊന്നു മണി ആയിരിക്കുന്നു. യാമിനിയും മക്കളും
നല്ല ഉറക്കമാണ്‌. ഉറങ്ങിക്കോട്ടെ !, ഇന്നലെ വളരെ വൈകിയാണ്‌
ഉറങ്ങിയത്‌. ഷാര്‍ജ കോണ്‍കോര്‍ഡ്‌ സിനിമയില്‍ പോയി ഒരു
മലയാളം പടം കണ്ടു. വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും രണ്ടു
മണി ആയി. പുറത്ത്‌ സൂര്യന്‍ മരുഭൂമിയെ തിളപ്പിക്കുകയാണ്‌.
ഈന്തപ്പഴങ്ങള്‍ പഴുത്ത്‌ വീഴാന്‍ തുടങ്ങിയിരിക്കുന്നു. ചൂട്‌
അതിന്റെ പാരമ്യതയില്‍ എത്തുമ്പോഴാണ്‌ ഈന്തപ്പഴങ്ങള്‍
പാകമായി വീഴുക. ജുലയ്‌ മാസമല്ലേ ! ഇനിയും നാലു
മാസം കഴിയണം ഒന്നു തണുക്കാന്‍.

ചായ ഉണ്ടാക്കാനായി അടുക്കളയിലേക്കെത്തിയപ്പോഴാണ്‌
തന്റെ കൂട്ടുകാരെ പറ്റി ഓര്‍ത്തത്‌. എന്നും രാവിലെ ഏഴുമണിക്ക്‌
അവര്‍ക്ക്‌ പ്രാതല്‍ കൊടുക്കാറുള്ളതാണ്‌. അടുക്കളയുടെ ജനല്‍
വാതില്‍ തള്ളിത്തുറന്നു. ചൂട്‌ കാറ്റ്‌ അകത്തേക്ക്‌ തള്ളിക്കയറി.
എന്തേ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടിട്ടും അവര്‍ വന്നില്ല ?.
സമയം വൈകിയതു കൊണ്ടാവുമോ ?. വിജയന്‍ പുറത്തേക്ക്‌
തലയിട്ട്‌ നോക്കി. ചൂട്‌ കാരണം അധിക നേരം വാതില്‍
തുറന്നിടാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും ഓരോരുത്തരായി
പറന്ന്‌ വരാന്‍ തുടങ്ങി. ഷാര്‍ജയിലെ അല്‍-വാദാ
സ്‌ട്രീറ്റിലെ ജെ.വി.സി ബില്‍ഡിങ്ങിനോട്‌ ചേര്‍ന്ന്‌
നില്‍ക്കുന്ന മസ്‌ജിദിലെ താമസക്കാരായ പ്രാവുകളാണവര്‍.
അരി മണികള്‍ ജനലിനോടു ചേര്‍ന്ന ചുമരരികില്‍
വിതറി കൊടുത്തു. തല ചരിച്ചും കുണുങ്ങിയും അവര്‍
അകത്തേക്ക്‌ നോക്കി. " ഇത്ര നേരം എവിടെയായിരുന്നു ?"
എന്ന ചോദ്യം ആ നോട്ടത്തിലില്ലേ , എന്നെനിക്ക്‌ തോന്നി.
ചില്ലു ജാലകത്തിനപ്പുറത്ത്‌ പ്രാതല്‍ കഴിക്കുന്ന അവരെ
നോക്കി നിന്നു. ചൂട്‌ സഹിക്കാനാവാതെ പലരുടെയും
ശരീരം വാടിയിരിക്കുന്നു. കണ്‍സ്‌ട്രക്ഷന്‍ സൈറ്റിലെ
ജോലികാരെ പോലെയാണ്‌ ഇവരുടെ അവസ്‌ഥ.

ചായ ഉണ്ടാക്കി ഹാളിലെ സോഫയില്‍ വന്നിരുന്നു.
വെള്ളിയാഴ്‌ച്ച ആയ കാരണം എല്ലാറ്റിനും ഒരു മടി.
വാതില്‍ തുറന്ന്‌ ഗള്‍ഫ്‌ ന്യൂസ്സ്‌ പത്രം എടുത്ത്‌
അലസമായി താളുകള്‍ മറിച്ചു. എല്ലായിടത്തും അക്രമവും
വെടിവെപ്പും തന്നെ. ഏ.സി യുടെ തണുപ്പില്‍ വീണ്ടും
സെറ്റിയില്‍ ചാരിയിരുന്ന്‌ മയങ്ങാന്‍ തുടങ്ങി. അറിയാതെയാണ്‌
ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്‌ടപ്പെടാത്ത തന്റെ കഴിഞ്ഞ
കാലങ്ങളിലേക്ക്‌ വഴുതി വീണത്‌. എല്ലാം ഇന്നലെ കഴിഞ്ഞ
പോലെയാണ്‌ തോന്നുന്നത്‌. കാലത്തിന്റെ
ഇടനാഴികയിലൂടെ തിരിഞ്ഞ്‌ നോക്കുമ്പോള്‍ ഇരുട്ട്‌
മാത്രമായിരുന്നില്ല, മധുരത്തിന്റെ കിനിവും തങ്ങി
നിന്നിരുന്നു. എന്റെ ഗായത്രി, മണി മാമന്റെ മകളായിരുന്നു.
ചെറുപ്പം മുതലേയുള്ള സ്‌നേഹം വളര്‍ന്നപ്പോള്‍
പ്രണയമായത്‌ ഞങ്ങളറിഞ്ഞില്ല. ഡിഗ്രിക്ക്‌ പട്ടണത്തിലെ
കോളേജ്‌ ഹോസ്‌റ്റലില്‍ അവള്‍ താമസമാക്കിയപ്പോഴാണ്‌
ആ പ്രണയ വേദന ഞാന്‍ അറിഞ്ഞത്‌. ഒരിക്കല്‍ കോളേജ്‌
മുടക്കത്തിന്‌ വീട്ടില്‍ വന്നപ്പോള്‍ അവളുടെ കൂടെ
തൊടിയില്‍ നടക്കുന്നതിനിടെയാണ്‌ അമ്മായി വിലക്കിയത്‌.
" വിജയാ, ആളുകളെ കൊണ്ട്‌ അതും ഇതും പറയിപ്പിക്കരുത്‌,
അവളുടെ ഭാവി കളയരുത്‌...."
സത്യം തന്നെയായിരുന്നു. എനിക്ക്‌ ആഗ്രഹിക്കാന്‍
കഴിയുന്നതിലും ഉയരത്തിലായിരുന്നു മാമന്റെ സാമ്പത്തീക
സ്‌തിഥി. ഒളിച്ച്‌ പല തവണ അവളെ കാണാന്‍ ശ്രമിച്ചു.
പക്ഷെ ഗായത്രിയും അകലം പാലിക്കാന്‍ തുടങ്ങി. എല്ലാറ്റിനും
സാമ്പത്തീക മാനദണ്ഡങ്ങള്‍ കാണുന്ന ആളുകള്‍ക്കിടയിലേക്ക്‌
അവളും ചേര്‍ന്നുവോ ?. ആയിരിക്കാം. അതല്ലേ ഈ അകല്‍ച്ചയുടെ
പൊരുള്‍ !.

നാല്‌ സഹോദരിമാര്‍ക്ക്‌ താഴെയാണ്‌ ഞാന്‍. ആകെയുള്ളത്‌
ഇരുപത്തഞ്ചു സെന്‍റ്‌ ഭുമിയാണ്‌. വേറെ ഒന്നും സമ്പാദ്യമായി
അച്ഛനില്ല. ചേച്ചിമാര്‍ക്ക്‌ കല്ല്യാണ ആലോചനകള്‍ പലതും
വരാന്‍ തുടങ്ങി. പക്ഷേ കുടുമ്പത്തിന്റെ ധന സ്‌തിഥി എല്ലാ
ആലോചനകളെയും അകറ്റി നിര്‍ത്തി. ആ ഇടക്കാണ്‌
കൂട്ടുകാരന്‍ ഹംസ ഷാര്‍ജയില്‍ നിന്ന്‌ നാട്ടില്‍ വന്നത്‌.
അവന്റെ കാരുണ്ണ്യത്തില്‍ ഒരു ഫ്രീ വിസ സങ്കടിപ്പിച്ച്‌
ഷാര്‍ജയിലെത്തി. വന്ന അന്നു മുതല്‍ എത്രയെത്ര പീഠന
അനുഭവങ്ങള്‍ !. പിടിച്ച്‌ നില്‍ക്കാന്‍ വേണ്ടി അഭിമാനം
കാറ്റില്‍ പറത്തി. എല്ലാം തന്റെ നാട്ടിലുള്ള പെങ്ങന്‍മാര്‍ക്കും,
അച്ഛ്നും , അമ്മക്കും വേണ്ടി ആയിരുന്നു.

ഒരു ജോലി കിട്ടാന്‍ വേണ്ടി എവിടെയെല്ലാം അലഞ്ഞു.
ജുണ്‍ മാസത്തിലെ ചൂടില്‍ ബയോഡാറ്റയുമായി നടത്തം
തന്നെയായിരുന്നു. അന്ന്‌ അജ്‌മാന്‍ അതിര്‍ത്തിയിലുള്ള
ഒരു ഓഫീസില്‍ ഇന്റെര്‍വ്യൂവിന്‌ പോയതായിരുന്നു.
ഇന്നത്തേതു പോലെ ഫോണ്‍ സൌകര്യം ഇല്ലാത്ത
കാരണം മണിക്കൂറുകള്‍ നടന്നും ഓഫീസ്‌ കണ്ടു
പിടിക്കാനായില്ല. അവസാനം തളര്‍ന്ന്‌ ഒരു മസ്‌ജിദിന്റെ
മുന്നിലുള്ള ടാപ്പില്‍ നിന്ന്‌ വെള്ളം കുടിക്കാന്‍ വേണ്ടി
നിന്നതായിരുന്നു. തളര്‍ച്ച കൊണ്ട്‌ വീഴാന്‍ പോകുന്നത്‌
മാത്രം ഓര്‍മ്മയുണ്ട്‌. പള്ളി മീനാരത്തില്‍ നിന്നുയര്‍ന്ന
" അല്ലാഹു അക്‌ബര്‍ .." വിളി കേട്ടാണ്‌ ഞാനുണര്‍ന്നത്‌.
ആരൊക്കെയോ ചേര്‍ന്ന്‌ എന്നെ പള്ളിയുടെ
ഉമ്മറത്തെത്തിച്ചിരിക്കുന്നു. ഹ്രുദയത്തില്‍ നിന്നുയര്‍ന്ന
ആ ബാങ്കു വിളി എന്റെ സകല നിയന്ത്രണവും തെറ്റിച്ചു.
നിറഞ്ഞ കണ്ണുകളുമായി ഞാന്‍ രണ്ടു കൈകളും
ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു ....
" പരമ കാരുണീകനായ അല്ലാഹുവെ എന്നോട്‌
കരുണ കാണിക്കേണമേ... ഈ മരുഭുവില്‍ നീയല്ലാതെ
വേറാരുമെനിക്കാശ്രയമില്ല...."
പൊട്ടിക്കരഞ്ഞ്‌ നെറ്റി തറയില്‍ മുട്ടി. നിസ്‌ക്കരിച്ച്‌
പള്ളിയില്‍ നിന്ന്‌ പുറത്തേക്ക്‌ വന്ന ഒരു മലയാളി
" എന്തേ കരയുന്നത്‌...? " എന്നു തിരക്കി. കണ്ണുനീരോടു
കൂടി ഷംസുവിനോട്‌ എന്റെ ദു:ഖങ്ങള്‍ പറഞ്ഞു.
അടുത്തുള്ള ഒരു ഗ്രോസറിയിലാണ്‌ ഷംസു ജോലി
ചെയ്യുന്നത്‌. കുറച്ച്‌ നേരം ചിന്തിച്ച്‌ നിന്ന്‌ അവന്‍
പള്ളിയുടെ ഉള്ളിലേക്ക്‌ കയറി. ഒരു ദിവ്യനെ പോലെ
തോന്നിക്കുന്ന വെളുത്ത താടിയും, വെള്ള വസ്‌ത്രവും
ധരിച്ച ഒരു അറബിയുമായാണ്‌ അവന്‍ തിരിച്ചു
വന്നത്‌. എന്റെ വിഷമങ്ങള്‍ അവന്‍ നല്ലവനായ
അറബിയോട്‌ പറഞ്ഞു. ഉടനെ തന്നെ അദ്ധേഹം
പോക്കറ്റില്‍ നിന്ന്‌ വിസിറ്റിങ്ങ്‌ കാര്‍ഡ്‌ തന്ന്‌, രണ്ടു
ദിവസം കഴിഞ്ഞ്‌ ഷാര്‍ജയിലെ റോളയിലുള്ള തന്റെ
ട്രേഡിങ്ങ്‌ കമ്പനിയില്‍ വന്ന്‌ കാണാന്‍ പറഞ്ഞു.
നല്ലവരായ ഷംസുവിന്റെയും, അറബിയുടെയും
രൂപത്തില്‍ വന്ന അല്ലാഹുവിനോട്‌ നന്ദി പറഞ്ഞ്‌
അന്ന്‌ തുടങ്ങിയതാണ്‌ ഗള്‍ഫ്‌ ജീവിതം. ഇന്നും ആ
കരുണാമയനായ അല്ലാഹു എന്നെ നേര്‍ വഴിക്ക്‌ നയിക്കുന്നു.

നീണ്ട മുപ്പത്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പെങ്ങന്‍മാരെയെല്ലാം
വിവാഹം കഴിപ്പിച്ചയച്ചു. ഇന്ന്‌ എല്ലാവരും നല്ല നിലയില്‍
കഴിയുന്നു. അവര്‍ കഴിഞ്ഞ കാലമെല്ലാം മറന്നിരിക്കുന്നു.
" മറവി ഒരനുഗ്രഹമാണല്ലോ.... അല്ലേ..? "
ഇന്ന്‌ അവരുടെയെല്ലാം ഏറ്റവും വലിയ ശത്രു ഞാനാണ്‌.
അച്ഛനും, അമ്മയും പോലും ആ ഒഴുക്കില്‍ തന്നെ.
വിധിയുടെ വിളയാട്ടം.. അല്ലേ..?
ഹാള്‍ക്രോ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയുടെ പ്രോജക്‌ട്‌
മേനേജരായി ഇന്ന്‌ ഇരിക്കുമ്പോള്‍ അഭിമാനം
തോന്നാറുണ്ട്‌. എല്ലാം ദൈവത്തിന്റെ അനുഗ്രഹം,
പിന്നെ തന്റെ കഠിനാധ്വാനവും. രക്‌ത ബന്ധങ്ങള്‍ക്ക്‌
വെറുക്കപ്പെട്ടവനായി ഞാനും എന്റെ കുടുംമ്പവും ഷാര്‍ജയില്‍
കഴിയുന്നു. ഇത്രമാത്രം വെറുക്കപ്പെടാന്‍ ഞാന്‍ എന്തു
തെറ്റാണ്‌ ചെയ്‌തത്‌. സഹോദരിമാര്‍ക്ക്‌ ഒരു കുറവും
വരുത്താതെ എല്ലാ കാര്യങ്ങളും ചെയ്‌ത്‌ കൊടുത്തതോ..?

കഠിന ഹ്രുദയനല്ലാത്ത കാരണം കണ്ണുനീര്‍ തടുകാനായില്ല.
എല്ലാ ദു:ഖങ്ങളെയും മയക്കി ഉറക്കാന്‍ ഞാന്‍ ഫ്രിഡ്‌ജ്‌
തുറന്ന്‌ ബക്കാര്‍ഡി റം കുപ്പി പുറത്തേക്കെടുത്തു. ഫ്രിഡ്‌ജ്‌
തുറക്കുന്ന ശബ്‌ദം കേട്ടിട്ടാണെന്നു തോന്നുന്നു യാമിനി
എഴുന്നേറ്റ്‌ വന്നു. " വിജയേട്ടാ, അധികമാവണ്ട. എന്താ
ഇന്ന്‌ നേരത്തെ തുടങ്ങിയോ വീട്ടിലെ വിഷമം..?"
കണ്ണുകള്‍ തിരുമി കൊണ്ടവള്‍ ചോദിച്ചു. അവള്‍ക്കറിയാം
ഞാനധികമാവില്ല എന്ന്‌. പിന്നെ ആകെ
വെള്ളിയാഴ്‌ച്ച മാത്രമേ സങ്കടം വരാറുള്ളൂ. ബാക്കിയുള്ള
ദിവസങ്ങളിലെല്ലാം ഒന്നിനും സമയം കിട്ടാറില്ല എന്നതാണ്‌
ചുരുക്കം. രാവിലെ ഏഴുമണിക്ക്‌ ഓഫീസില്‍ പോയാല്‍
വൈകി ഏഴു മണിക്കാണ്‌ തിരികെ ഫ്ലാറ്റിലെത്തുക.
പിന്നെ ആലോചിക്കാന്‍ എവിടെ സമയം ...?.
ബെക്കാര്‍ഡി തന്റെ മ്യുദുലമായ കൈകള്‍ കൊണ്ടെന്റെ
ഓര്‍മ്മകളെ മറച്ചു പിടിച്ചു. ആ തഴുകലില്‍ ഞാനെപ്പോഴോ
മയങ്ങിപ്പോയി. മോളുടെ വിളി കേട്ടാണ്‌ ഉണര്‍ന്നത്‌.
" ഡാഡീ, എഴുന്നേല്‍ക്ക്‌ ഊണു കഴിക്കാന്‍ സമയമായി. "
വിജയന്‌ അരിശം വന്നു.
" എത്ര തവണ പറഞ്ഞതാ അച്ഛന്‍ എന്നു വിളിക്കാന്‍ ... ?"
" സോറി അച്ഛാ, ഇനി ഡാഡി എന്നു വിളിക്കില്ല.."
ഞാന്‍ ദേഷ്യപ്പെട്ട കാരണം വാടിയ മുഖവുമായവള്‍
തിരിഞ്ഞു നടന്നു. പാവം, കുട്ടികളല്ലേ ?.
പക്ഷേ രണ്ട്‌ മക്കളും മലയാളം ഒരക്ഷരം പറയില്ല.
എപ്പോളും ഇംഗ്ലീഷ്‌ തന്നെ. എങ്ങനേയാ ഇവരൊക്കെ
കേരളത്തില്‍ ചെന്നാ ജീവിക്കുക ?.

കഴിഞ്ഞ തവണ സ്ക്കൂള്‍ അവധിക്ക്‌ നാട്ടില്‍ ചെന്നപ്പോള്‍
ഇവരെ പൊറുപ്പിക്കാന്‍ ബുദ്ധിമുട്ടി. ഈച്ച, കൊതുക്‌, ചീത്ത
മണം, ചൂട്‌, ഏസി ഇല്ല.... എന്തൊക്കെ പരാതികളായിരുന്നു.
പെങ്ങന്‍മാരുടെ മക്കള്‍ ഇവരെ " ശീമക്കുട്ടികള്‍ " എന്നാണ്‌
വിളിച്ചിരുന്നത്‌. ശരിക്ക്‌ മലയാളം സംസാരിക്കന്‍ അറിയാത്ത
കാരണം. തെറ്റ്‌ എന്റേതു കൂടിയാണ്‌. ഞാന്‍ യാമിനിയോട്‌
എന്നും പറയും മക്കളെ മലയാളം പഠിപ്പിക്കണം എന്ന്‌.
പക്ഷേ അവള്‍ക്ക്‌ കുട്ടികളെ മലയാളം പഠിപ്പിക്കാന്‍
തീരെ താല്‍പ്പര്യമില്ല. ഞാന്‍ തന്നെ പഠിപ്പിച്ചാല്‍ മതിയായിരുന്നു.
വൈകിപ്പോയോ എന്നെനിക്ക്‌ തോന്നി. അതിന്‌ ശേഷമാണ്‌
അവരെ കൊണ്ട്‌ നിര്‍ബന്ധമായും മലയാളം പറയിപ്പിക്കുന്നത്‌.
നാട്ടില്‍ ചെന്നാല്‍ ഇവര്‍ മറ്റുള്ളവര്‍ക്ക്‌ ഒരു തമാശയാണ്‌.

കഴിഞ്ഞ വെള്ളിയാഴ്‌ച്ച അരുണ്‍ പറഞ്ഞത്‌ കേട്ട്‌ ഞാന്‍
ഞെട്ടി. അവന്റെ ഗേള്‍ ഫ്രണ്ട്‌ ദുബായിലെ
ലാംസി പ്ലാസയില്‍ സിനിമക്ക്‌ പോകുന്നുണ്ട്‌ , അവനെ
ഞാന്‍ ലാംസിയില്‍ ഒന്ന്‌ ഡ്രോപ്പ്‌ ചെയ്യണമെന്ന്‌.
കാലം പോയ പോക്കേയ്‌. സ്വന്തം അച്ഛ്നോടാണ്‌
പെണ്‍കുട്ടികളുടെ കൂടെ സിനിമക്ക്‌ പോവാന്‍
ഡ്രോപ്പ്‌ ചെയ്യാന്‍ പറയുന്നത്‌. സമയം ആറുമണി
ആയിരിക്കുന്നു. ഹാളില്‍ അമ്മയും മക്കളും
തിരക്കിലാണ്‌. എന്തൊക്കെയോ പറഞ്ഞ്‌ തര്‍ക്കങ്ങള്‍
നടക്കുന്നു. ബെക്കാര്‍ഡിയുടെ കൈകള്‍ മുഴുവനായും
അയഞ്ഞിരിക്കുന്നു. എങ്കിലും കണ്ണും പൂട്ടി ഏസി യുടെ
തണുപ്പില്‍ ചുരുണ്ട്‌ കിടക്കാന്‍ ഒരു സുഖം. നാളെ
ശനിയാഴ്‌ച്ചയാണ്‌. വീണ്ടും ഒരാഴ്‌ച്ച ഓട്ടം തന്നെ.
ഒരാഴ്‌ച്ച മുഴുവന്‍ അടുത്ത വെള്ളിയാഴ്‌ച്ചക്ക്‌ വേണ്ടിയുള്ള
കാത്തിരുപ്പ്‌. ആ കാത്തിരുപ്പിനും ഒരു സുഖം ഉണ്ട്‌.
രാവിലെ എഴുന്നേറ്റ്‌ ജോലിക്ക്‌ ഓടുന്നു, രാത്രി വളരെ
വൈകി തിരിച്ചെത്തുന്നു. ഈ യാന്ത്രീകമായ ജീവിതത്തോട്‌
മടുപ്പ്‌ കയറിയിരിക്കുന്നു.

പലപ്പോഴും ഈ പ്രവാസ ഭുമിയെ പഴിക്കാന്‍
ശ്രമിച്ചിട്ടുണ്ട്‌. പക്ഷേ മന:സ്സ്‌ എന്നെ ഓര്‍മ്മിപ്പിക്കും
" അരുത്‌, പഴിക്കരുത്‌ .... ഒരു ഗതിയുമില്ലാതെ നടന്നിരുന്ന
കാലത്ത്‌ ഒരു താങ്ങായതാണ്‌ ഈ ഭുമി. ആത്മഹത്യയുടെ
മുനമ്പില്‍ നിന്ന്‌ നിന്നെ കൈ പിടിച്ച്‌ തിരികെ
കൊണ്ടു വന്നതാണീ ഭുമി. ജന്മഭുമിയെ പോലെ ഈ
ഭുമിയും നിനക്ക്‌ മഹത്തരമാണ്‌".
=====
എഴുതിയത്‌: ഷാജി മൂലേപ്പാട്ട്‌.
Shaji Moolepat, Copyright © All Rights Reserved

അഭിപ്രായങ്ങളൊന്നുമില്ല: